എഴുപതുകളുടെ ആരംഭത്തിൽ അമേരിക്കയിലേക്ക് ചേക്കേറി. ഒരു വർഷത്തോളം ന്യൂയോർക്കിൽ നേഴ്സ് ആയി ജോലി നോക്കി. പിന്നെ ജോസഫ് ഫെര്ണാണ്ടസ്നെ കല്യാണം കഴിച്ചൂ ബോസ്റ്റണിലേക്കു താമസം മാറി. ശേഷം കുടുംബിനിയും , അമ്മയും, മുത്തശ്ശിയും ആയി സ്വസ്ഥവും സുന്ദരവും ആയ ജീവിതം നയിക്കുന്നു.
സ്കൂളിൽനിന്നും വീട്ടിലേക്കു നടക്കുമ്പോൾ ജോണിയുടെ മുഖം മ്ലാനമായിരുന്നു, ഹൃദയം അസ്വസ്ഥമായിരുന്നു. ക്രിസ്തുമസിന് ഇനിയും രണ്ടുദിവസം ബാക്കി നിൽക്കേ സ്കൂൾ അവധി ആയി . ഉണ്ണിയേശുവിന്റെ ജനനം ആഘോഷിക്കുവാനുള്ള തിരക്കിലാണെല്ലാവരും.
മാനവരക്ഷയ്കായി യേശു പുൽക്കൂട്ടിൽ ജനിച്ചു എന്നാണ് ടോണി അച്ഛൻ പള്ളിയിൽ പ്രസംഗിച്ചത്. അത് പക്ഷെ ജോണിയുടെ മനസ്സിൽ ഒരു ചോദ്യചിഹ്നം ആയി കിടക്കുന്നു. എല്ലാവരുടെയും രക്ഷക്കായി ആണ് യേശു ജനിച്ചതെങ്കിൽ പിന്നെ എന്താണ് പലരും പലവിധ വിഷമതകളാലും കഷ്ടപ്പെടുന്നത്; പ്രത്യേകിച്ചും തന്റെ ഉറ്റ സുഹൃത്തായ ബെന്നി. ബെന്നിയെ കുറിച് ഓർത്തപ്പോൾ ജോണിയുടെ കുരുന്നു ഹൃദയം തേങ്ങി.
ജോണി ചുറ്റിലും നോക്കി, എവിടെയും ക്രിസ്തുമസിന്റെ ശ്രുതിയും താളവും നിറഞ്ഞു നില്കുന്നു. പല തരത്തിലും നിറത്തിലുമുള്ള അലങ്കാരവസ്തുക്കളാൽ എല്ലാവീടുകളും അലംകൃതമായിരിയ്കുന്നു. പണ്ട് ബെത്ലഹെമിൽ ആട്ടിടയന്മാർക് വഴികാട്ടിയായ നക്ഷഷ്ട്രത്തിന്റെ പ്രതീകമായി എല്ലാവീടുകളിലും മുൻവശത് തൂങ്ങുന്ന മനോഹരമായ നക്ഷത്രങ്ങൾ.
കാഴ്ചകണ്ടും ചിന്തിച്ചും വീടെത്തിയത് അറിഞ്ഞില്ല. വീട്ടിലും എല്ലാവരും നല്ല തിരക്കിലാണ്. പുൽക്കൂട് ഉണ്ടാക്കുന്നതിന്റെയും ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതിന്റെയും തിരക്കിലാണ് അപ്പനും ചേട്ടന്മാരും എങ്കിൽ, അടുക്കളയിൽ ക്രിസ്തുമസ് പലഹാരങ്ങളും മറ്റും ഉണ്ടാകുന്നതിന്റെ തിരക്കിലാണ് അമ്മയും മറ്റുള്ളവരും. ജോണിയ്ക് ഒന്നിനും ഒരുത്സാഹവും തോന്നിയില്ല. യാന്ത്രികമായി എന്തൊക്കെയോ ചെയ്തു. വിവിധ വര്ണങ്ങളാൽ അലങ്കരിച്ച ക്രിസ്തുമസ് ട്രീ യുടെ ചുവട്ടിൽ സമ്മാനപ്പൊതികൾ. അടുത്തുള്ള പുൽക്കൂട്ടിൽ ഉണ്ണിയേശുവിനായി മനോഹരമായ ഒരു പൂമെത്ത.
വീണ്ടും ബെന്നിയുടെ മുഖം ജോണിയുടെ മനസ്സിൽ തെളിഞ്ഞു വന്നു. അവന്റെ വേദന നിറഞ്ഞ വാക്കുകൾ ജോണിയുടെ ഹൃദയത്തെ കീറിമുറിച്ചു. "ഞങ്ങളുടെ അപ്പൻ മരിച്ചതിൽ പിന്നെ ഞങ്ങൾക്ക് ആഘോഷങ്ങൾ ഒന്നുമില്ല. അയൽവീടുകളിൽ ജോലിചെയ്തു വളരെ കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളർത്തുന്നത്." ബെന്നിയും അനിയത്തിയും അമ്മയും അടങ്ങുന്ന കൊച്ചു കടുംബം .ബെന്നിയുടെ മുഖത്തു നിറഞ്ഞു നിന്ന വേദന ജോണിയുടെ ഹൃദയത്തിൽ ആണിപ്പോൾ.
ഒരുദിവസം എങ്ങനെയോ ഒരു സന്തോഷവും ഇല്ലാതെ കടന്നുപോയി.... ഒരു ദുഃഖഭാരം അവനെ വലയം ചെയ്തിരിയ്ക്കുന്നപോലെ.....
പാതിരാക്കുർബാന കഴിഞ്ഞു വീട്ടിൽ എത്തിയിട്ടും ഒരു ഉന്മേഷവും തോന്നിയില്ല. ആലോചിച്ചും ചിന്തിച്ചും എപ്പോഴോ ഉറങ്ങിപ്പോയി.
ആരോ ഉറക്കെ വിളിയ്ക്കുന്നതും ഉച്ചത്തിലുള്ള സംസാരവും കേട്ടാണ് കണ്ണുതുറന്നത്. മെല്ലെ കണ്ണ് തിരുമ്മി അവനെഴുനേറ്റുവന്നു. ക്രിസ്തുമസ് ട്രീ യുടെ അടുത്ത എല്ലാവരും കൂടിയിട്ടുണ്ട്. ജോണി ആഗ്രഹിച്ചതുപോലെ ഒരു സൈക്കിളും ഓരോ റിമോട്ട് കോൺട്രോൾഡ് കാറും സമ്മാനമായി കിട്ടി.
അവന്റെ മുഖം പ്രസന്നമായി, മനസ്സിൽ നിറഞ്ഞുതുളുമ്പിയ സന്തോഷം മുഖത്തേയ്ക്കു പരന്നൊഴുകി. അവൻ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടി, എന്തൊക്കെയോ ആലോച്ചു തീരുമാനിച്ചു. എല്ലാവരും മാറിയപ്പോൾ ജോണി അവന്റെ പുതിയ സൈക്കിളുമായി മെല്ലെ പുറത്തിറങ്ങി. തനിയ്ക്കുകിട്ടിയ റിമോട്ടികോൺട്രോൾഡ് കാറും പൊതിഞ്ഞു കൈയിൽ എടുത്തു. ബെന്നിയുടെ വീട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊന്നും ചിന്തിച്ചില്ല.
കാറ് കിട്ടിയപ്പോൾ ബെന്നിയുടെ മുഖം സന്തോഷത്താൽ നിറഞ്ഞു, ആ കണ്ണുകളിൽ വിരിഞ്ഞ പ്രകാശം കുളിർമയുള്ള ഒരു നിലാവുപോലെ ജോണിയുടെ ഹൃദയത്തിൽ പരന്നൊഴുകി. പക്ഷെ ആ സമ്മാനം സ്വീകരിക്കുവാൻ ബെന്നിയുടെ അമ്മ തയ്യാറായില്ല. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെയൊന്നും ചെയ്തുകൂടാ എന്നായിരുന്നു ആ അമ്മയുടെ വാദം. ജോണി ഒന്നും ചിന്തിച്ചില്ല , നേരെ വീട്ടിൽ പോയി അമ്മയെയും കൂട്ടി മടങ്ങി വരുമ്പോൾ അമ്മ കൊടുത്ത മറ്റൊരു സമ്മാനം കൂടി അവന്റെ കൈവശം ഉണ്ടായിരുന്നു , അത് ബെന്നിയുടെ അനിയത്തിയ്ക്കു വേണ്ടി ആയിരുന്നു. ബെന്നിയുടെ വീട്ടിൽ അലയടിച്ച സന്തോഷത്തിരമാലകൾ ഉള്ളിൽ വഹിച്ചു ആ പുതിയ സൈക്കിളിൽ വീട്ടിലേക്കു പോകുമ്പോൾ ജോണിയുടെ ഹൃദയത്തിൽ സമാധാനത്തിന്റെയും സംതൃപ്തിയുടെയും ഒരായിരം പൂത്തിരികൾ കത്തിനിന്നു.
ടോണി അച്ഛൻ പറഞ്ഞതുപോലെ യേശു തന്റെ ഹൃദയത്തിലും ജനിതച്ചതായി അവനു തോന്നി ......
അപ്പോൾ എവിടെനിന്നോ ഒഴുകുതിവന്ന ആ ഗാനം അന്തരീക്ഷത്തിൽ തങ്ങി നിന്നു.
"അത്യുന്നങ്ങളിൽ ദൈവത്തിനു സ്തുതി ......ഭൂമിയിൽ സന്മനസ്സുള്ളവർക് സമാധാനം ........."
Other articles you may like...