പൂർവ്വാശ്രമം ഓർമ്മകളുടേതാണ്,
ജീവനിൽ കയ്പ്പുപുരട്ടിയ വഞ്ചനയുടേതും...
അപ്പന്റെ ലക്ഷ്യങ്ങൾക്ക്, അമ്മയുടെ ക്ഷേമത്തിന്,
അനുജന്റെ നന്മയ്ക്ക്, ഉയിരുരുക്കി കാവൽ നിന്ന കാലം...
കുതികാലിൽ തൂങ്ങി കൂടെപ്പിറന്നവനോട്
അമ്മയ്ക്കുണ്ടായിരുന്ന അതിവാത്സല്യം..
അപ്പന്റെ തെറ്റിപ്പോയ കണക്കുകൂട്ടലുകൾ...
വഞ്ചനയുടെ ആദ്യാനുഭവം പെറ്റമ്മയിൽനിന്ന്,
പിന്നെ ജീവന്റെ ജീവനായ കൂടെപ്പിറപ്പിൽനിന്ന്.
ആത്മാവിൽ അഗ്നി പടരാതിരിക്കുന്നതെങ്ങനെ?
ജന്മാവകാശം നഷ്ടപ്പെടുത്തിയവൻ, അപഹാസ്യൻ !
അവന്റെ കണ്ണിൽ കനലെരിഞ്ഞു, അമ്മ മുഖം മറച്ചു,
അനുജൻ പലായനം ചെയ്തു, അപ്പൻ സ്വയം പഴിച്ചു.
ആകെത്തകർന്നുപോയവന് ആലംബമായതോ
ആദിപാപങ്ങളുടെ കറവീണു പശിമയാർന്ന മണ്ണ്!
കണ്ണീരും വിയർപ്പും ആത്മബലവും പുണ്യം വിളയിച്ചു.
ഒടുവിൽ കാലം പതം വരുത്തിയ മനസ്സുമായി അനുജൻ തിരിച്ചെത്തി,
മാപ്പുകൊടുത്ത് ജ്യേഷ്ഠൻ അവനെ നെഞ്ചോട് ചേർത്തു!
അവരുടെ ഓർമ്മകൾക്കുമേൽ ഉപവിയുടെ തൂമഞ്ഞുവീണു.
അപ്പോൾ സ്വർഗ്ഗം തുറന്നു, ഭൂമിക്കുമേൽ മഴവില്ലു വിരിഞ്ഞു,
എല്ലാം ഉചിതമായിരിക്കുന്നു എന്നു കണ്ട് ദൈവം പുഞ്ചിരിച്ചു...!
(അവലംബം : ഏസാവിന്റെയും യാക്കോബിന്റെയും കഥ )
Other articles you may like...