Biju Thoompil
"ഭാരതം എന്ന് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം,
കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ"
മഹാകവിവചനം ഹൃദയത്തിൽ പേറി നടക്കുന്ന ഞാൻ. പെട്ടെന്ന് മനസ്സിൽ ഒരു പൂതി പൊട്ടിമുളച്ചു. "നാട്ടിലേക്കൊരു യാത്ര". പച്ചപ്പു നിറഞ്ഞ, കേര വൃക്ഷങ്ങൾ നിറഞ്ഞ, ഉഷ്ണമേഖലയുടെ പറുദീസയായ കേരളത്തിലേക്ക് പറന്നിറങ്ങണം എന്ന ആഗ്രഹം. ഈ ആഗ്രഹം ക്രമേണ എന്നിൽ വളർന്നു കൊണ്ടേയിരുന്നു. ദിവസങ്ങൾ കൊഴിഞ്ഞു വീഴുന്നതിനൊപ്പം ആഗ്രഹം പിന്നേയും കൂടുകയായിരുന്നു. ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കുഭാഗത്തുള്ള മനോഹര സംസ്ഥാനം, എന്റെ കേരളം.
കേന്ദ്രസർക്കാർ കൃത്യമായ ശമ്പളം തരുന്നുണ്ടെങ്കിലും , ഈയുള്ളവന്റെ ഓട്ടക്കീശയിൽ മിച്ചം അധികമുണ്ടായിരുന്നില്ല. എങ്കിലും മോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും കുറവില്ലല്ലോ...!
ആഗ്രഹം അറിഞ്ഞപ്പോൾ കുടുംബവും, പിന്നെ കൂട്ടുകാരും മൂക്കത്ത് വിരൽ വെച്ചു. അവർ ചോദിച്ചു "നിനക്ക് വട്ടാണോ ഈ COVID സമയത്ത് യാത്ര ചെയ്യാൻ?" പക്ഷേ ഈവക ഭീഷണികൾ ഒന്നും എന്നിലെ ആഗ്രഹത്തിനെ അടിയറവ് ചെയ്യിക്കാൻ സാധ്യമായവ ആയിരുന്നില്ല...
അല്ല പിന്നെ...!
പിന്നെ എയർ ടിക്കറ്റിനു വേണ്ടിയുള്ള നെട്ടോട്ടം. അവസാനം Qatar Airways ൻ്റ ചിലവുകുറഞ്ഞ ക്ലാസ്സിൽ, ഏപ്രിൽ മാസത്തിലെ ആദ്യ ആഴ്ചയിൽ കൊച്ചിയിലേക്ക് ഞാൻ ഒരു ടിക്കറ്റ് തരപ്പെടുത്തി. കാര്യങ്ങളെല്ലാം കൃത്യമായും ഭംഗിയായും പുരോഗമിക്കുവാൻ കഠിനശ്രമം നടത്തി, ഈയുള്ളവൻ.
ചെയ്യുന്ന ജോലിയുടെ മഹത്വം പർവ്വതീകരിച്ച് അധികാരികളെ മണി അടിച്ചു..അങ്ങനെ മൂന്നാഴ്ചത്തെ അവധിയും സംഘടിപ്പിച്ചു. അങ്ങനെ Rexy യെയും, Paul നേയും ഞായറാഴ്ച കുർബാനയുടെ ലൈവ് സ്ട്രീം ഏൽപ്പിച്ചു. തിരിച്ചുവരുമ്പോൾ നാട്ടിൽനിന്ന് അവലോസ് ഉണ്ടയും ജിലേബിയും കൊണ്ടുവരാം എന്ന ഉറപ്പിൻമേൽ. യാത്രയ്ക്ക് വേണ്ടി 72 മണിക്കൂറിനുള്ളിൽ PCR Test നടത്തി COVID -ve എന്ന വിലപ്പെട്ട സർട്ടിഫിക്കറ്റും തരപ്പെടുത്തി . ഭാരത സർക്കാരിൻറെ Air Suvidha എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ നിർബന്ധമായിരുന്നു. അതും ഭംഗിയായി നടത്തി.
യാത്രയ്ക്ക് ഇനിയും രണ്ടു ദിവസം കൂടി...! ദൈർഘ്യമേറിയ ദിവസങ്ങൾ...! എങ്കിലും Qatar Airways ലെ സുഖശീതളിമയും, ആ ശീതളിമയിൽ പറന്നു നടക്കുന്ന എയർഹോസ്റ്റസ്മാരെയും സ്വപ്നം കണ്ടു ആ രണ്ടു ദിവസങ്ങൾ ഞാൻ തള്ളി നീക്കി.
2021 April 2 വന്നെത്തി. അന്നൊരു ദുഃഖവെള്ളിയാഴ്ച ആയിരുന്നു. അന്നുരാത്രി 10:20ന് ആയിരുന്നു എൻറെ flight. ആറുമണിയോടെ വീട്ടിൽ നിന്നും ഇറങ്ങി. പ്രാർത്ഥനയ്ക്കും, പിന്നെ സങ്കീർത്തനം -91 വായനയ്ക്കും ശേഷം.
Land of Letters, Lakes and Latex എന്നറിയപ്പെടുന്ന കോട്ടയം മാത്രമായിരുന്നു എൻറെ മനസ്സ് നിറയെ. അക്ഷര നഗരിയായ എൻറെ കോട്ടയം.
Boston Airportൽ face mask വെച്ച, social distancing പാലിക്കുന്ന ധാരാളം യാത്രക്കാരെ ഞാൻ കണ്ടു. Ticket counter ലേയും security checkpoint ലേയും നടപടികൾ ഞാൻ പൂർത്തിയാക്കി. ദോഹ യിലേക്കുള്ള QR744 എന്ന വിമാനത്തിനകത്ത് അവസാനം ഞാൻ എത്തി എത്തിപ്പെട്ടു .
"കുട്ടിമാമാ ഞാൻ ഞെട്ടി മാമാ".
കാരണം വിമാനം ഏകദേശം "full" ആയിരുന്നു. യാത്രയ്ക്ക് പ്ലാൻ ഇട്ടപ്പോൾ തന്നെ എന്നെ "മണ്ടൻ" എന്ന് വിളിച്ച കുടുംബത്തെയും സുഹൃത്തുക്കളെയും ഞാൻ മനസ്സിലോർത്തു. പിന്നെ ചിരിച്ചു... ഒരു flight നിറയെ മണ്ടന്മാർ ആണോ യാത്ര ചെയ്യുന്നത് എന്നു ഞാൻ ആത്മഗതം നടത്തി.
Pfizer vaccine ന്റെ രണ്ടു ഡോസും ജനുവരിയിൽ തന്നെ എടുത്ത എൻറെ മനസ്സിൽ ചെറിയ അഹങ്കാരം തല ഉയർത്തി. എനിക്ക് COVID ഒന്നും വരില്ല എന്ന അഹങ്കാരം...!!
സീറ്റ് കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടിയില്ല. ശീതീകരിച്ച cabin ൽ സ്നേഹ വാത്സല്യത്തോടെ കിട്ടിയ ആഹാരത്തിനുശേഷം ഞാനൊന്നു മയങ്ങി. ഗാഢനിദ്രയിൽ എന്നെ ആരോ തട്ടി വിളിച്ചു. ഞാൻ ഞെട്ടിയുണർന്നു. Face mask ഉണ്ടായിരുന്നെങ്കിലും സുന്ദരിയായ ഒരു air hostess ആണത് എന്ന് ഞാൻ മനസ്സിലാക്കി. എൻറെ മനസ്സിൽ ഒരു "ലഡ്ഡു പൊട്ടി". ആംഗലേയ ഭാഷയിൽ ഞാൻ കാര്യം തിരക്കിയപ്പോൾ അവൾ ദേഷ്യത്തോടെ പറഞ്ഞു "Sir, please wear your face mask. You must wear face mask at all time on board". ആഹാരം കഴിച്ച ശേഷം ഞാൻ face mask ധരിക്കാൻ മറന്നിരുന്നു. അവളോട് ഞാൻ Sorry പറഞ്ഞു. പിന്നെ സങ്കടത്തോടെ അവളെ യാത്രയാക്കി.
13 മണിക്കൂർ നീണ്ട യാത്ര എന്നെ ദോഹയിൽ എത്തിച്ചു. നാട്ടിൽ ഒരു പറ്റം സുഹൃത്തുക്കളും പിന്നെ കുറച്ചു ബന്ധുക്കളും അക്ഷമരായി കാത്തിരിപ്പുണ്ട്. എന്റെ ക്ഷേമം അറിയാൻ അല്ല, പ്രത്യുത എൻറെ കയ്യിൽ Duty Free Shopping Bag ഉണ്ടോ എന്നറിയാൻ. അതുകൊണ്ടുതന്നെ Duty Free Shop ൽ നിന്നും കുറച്ച് "shopping". രണ്ടു മണിക്കൂറിനു ശേഷം അടുത്ത flight - ദോഹയിൽ നിന്നും കൊച്ചിയിലേക്ക്.
കൊച്ചിയിലേക്കുള്ള യാത്രയിൽ face mask ഉം, face shield ഉം നിർബന്ധമായിരുന്നു. Pfizer vaccine ൽ ഉള്ള വിശ്വാസം പിന്നെയും എന്നിലെ പുച്ഛഭാവത്തെ തട്ടിയുണർത്തി.
ദോഹയിൽ നിന്നും കൊച്ചിയിലേക്കുള്ള flight ൽ ധാരാളം ഒഴിഞ്ഞ സീറ്റുകൾ കാണുവാൻ സാധിച്ചു. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഞാൻ ഏകനായിരുന്നു. അടുത്ത നാലു മണിക്കൂറിൽ ഞാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. കൊച്ചിയുടെ മണ്ണിൽ വിമാനത്തിൻറെ ചക്രങ്ങൾ പതിഞ്ഞപ്പോൾ തന്നെ ഉള്ളിൽ തിക്കും തിരക്കും...! എല്ലാ അറിയിപ്പുകളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ hand carry യുമായി പെട്ടെന്നുതന്നെ വെളിയിൽ വന്നു സ്വന്തക്കാരെ കാണുവാനുള്ള യാത്രക്കാരുടെ തിരക്ക്...! ഉദ്യോഗസ്ഥർ കൂടുതൽ കൗണ്ടർ തുറന്നിരുന്നത് കൊണ്ടും, യാത്രക്കാർ കുറവായിരുന്നതുകൊണ്ടും, immigration പെട്ടെന്ന് തന്നെ പൂർത്തിയാക്കി. UK, South Africa, Brazil തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിയവർക്ക് ക്ക് പ്രത്യേക screening ആയിരുന്നു... അമേരിക്കക്കാരനായ ഞാൻ ഉള്ളിൽ ചിരിച്ചു. "കാണടാ ഈ അമേരിക്കക്കാരനെ" എന്ന അഹങ്കാരത്തോടെ ഉള്ള ചിരി.
പെട്ടിയുമെടുത്ത് customs ൻ്റെ അടുത്തുനിന്നും മുങ്ങാംകുഴി ഇട്ട ഞാൻ മുൻപോട്ടു നടന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് ആരോ ഒരാൾ പിന്നിൽ നിന്നും കൈ കൊട്ടി വിളിച്ചു.
ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ പുറകിലോട്ട് തിരിഞ്ഞുനോക്കി. എൻറെ പുറകിൽ ആയി, എന്നെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ നിൽക്കുന്നു. 2021 April 4, ഈസ്റ്റർ ഞായറാഴ്ചയായിരുന്നു അന്ന്.
ഉത്ഥിതനായ മിശിഹായെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, വിറയ്ക്കുന്ന കാലടികളോടെ, വിയർക്കുന്ന ശരീരവുമായി, എന്നെ കൈകൊട്ടി വിളിച്ച ഉദ്യോഗസ്ഥൻ്റെ അടുത്തേക്ക് ഞാൻ ചെന്നു. എൻറെ നെഞ്ചിടിപ്പ് കൂടി. വിനീതനായി, എളിമയോടെ ഞാൻ ചോദിച്ചു.
"എന്താണ് സാർ"
തുടരും...