കർത്താവിന്
കാവലിരിക്കയാണു ഞാൻ
പാവം തനിച്ചാണ്,
ആകെ തണുപ്പാണ്
ഇരുട്ടാണ്!
'എന്നെയോർത്തു
കരയരുതെന്ന'വൻ
പറഞ്ഞതാണ്
എങ്കിലും
കഴിയുന്നില്ലതെന്താണ്?
ഏറെ സഹിച്ചതാണ്
ചോര വാർന്ന്
തളർന്നു വീണതാണ്
താതനെ വിളിച്ചു
കരഞ്ഞൊരാ കരച്ചിൽ
എന്റെ നെഞ്ചിലൊരു
തീരാത്ത നീറ്റലാണ് !
എല്ലാരും ഉപേക്ഷിച്ചു
പോയിരിക്കയാണ്
ഭീതിയുടെ മാളങ്ങളിൽ
ഒളിച്ചിരിപ്പാണ് !
മൂന്നുനാൾ
കഴിയേണമെന്നാണ്
ഓരോ നാളിനുമിത്ര
ദൈർഘ്യമെന്താണ്?
കരഞ്ഞു കണ്ണീരു
തീർന്നിരിക്കയാണ്
ചുറ്റും തണുപ്പാണിരുട്ടാണ്
ഞാനെന്റെ
കർത്താവിനു
കാവലിരിക്കയാണ്
അതോ, അവനെനിക്കോ..?!
(എന്നൊരു പാവം മഗ്ദലന..!)