Shanty Mathew has been an active member of the SMCB community for more than two decades now. She is an IT professional and enjoys capturing expressions through photography. She lives in Southborough, MA with her husband Dinny Mathew and children, Hannah and Adrian.
എന്നെങ്കിലും ഒരിക്കൽ ഒരു കഥയായി മാറിയേക്കാം എന്ന് കരുതി കാത്തിരിക്കുന്ന ഒരു കടലാസുകഷണം എന്നും അവളുടെ മേശപ്പുറത്ത് ഉണ്ടായിരുന്നു.
ഏറെ നാളത്തെ ഇടവേളക്ക് ശേഷം അവൾ അതിൽ എഴുതി. എന്നോ വായിച്ചു മനസ്സിൽ മറക്കാതെ കിടന്ന ആ രണ്ടു വരികൾ..
“ഒരിക്കലും എഴുതി തീർക്കാൻ പറ്റാത്ത പുസ്തകമാണ് മനസ്സ്. മറ്റുള്ളവർ എത്ര മറിച്ചു നോക്കിയാലും വായിച്ചു പഠിച്ചാലും കണ്ടു പിടിക്കാൻ പറ്റാത്ത ഭാഷയാണ് അതിലെ വരികൾ…!! “
പതിയെ പതിയെ അവളുടെ മനസ്സിൽ ഒരു കഥ രൂപപ്പെട്ടു തുടങ്ങുകയായിരുന്നു..ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ഇടക്കുള്ള ആ നൂൽപ്പാലത്തിലൂടെ ഒരിക്കൽ സഞ്ചരിക്കേണ്ടി വന്ന വഴികളിൽ വീണു പോയേക്കുമോ എന്ന് ഭയപ്പെട്ട ആ മനസ്സിനെ കാലിടറാതെ വീണ്ടെടുത്ത സ്വന്തം ആത്മാവിന്റെയും മസ്തിഷ്കത്തിന്റെയും സമയോചിതമായ ഇടപെടലുകളുടെ കഥ..
അവൾ എഴുതി തുടങ്ങി ..
ഈയിടെ ആയി മനസ്സ് വല്ലാതെ വേദനിക്കുന്നതായി ആത്മാവിനു തോന്നി. മനസ്സും മസ്തിഷ്കവും എന്തൊക്കെയോ വാദ പ്രതിവാദങ്ങളിൽ ഏർപ്പെടുന്നതായി ആത്മാവ് കാണുന്നു. ഏകാന്തതയിൽ ലയിച്ചങ്ങനെ ഒറ്റപ്പെടലിലേക്കും പിന്നെ വിഷാദത്തിലേക്കും മനസ്സ് വീണുപോയേക്കുമോ എന്ന് മസ്തിഷ്കം ഭയപ്പെട്ടു.
അശാന്തമായ മനസ്സിന്റെ പരാതികളിൽ മുഴുവൻ നിഷേധിക്കപ്പെട്ട സ്നേഹത്താൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒറ്റപ്പെടലിന്റെ വിങ്ങൽ ആയിരുന്നു.
തൂവലുകൾ നഷ്ടപ്പെട്ടു പൊങ്ങി പറക്കാനാവാതെ വീണു പോകുന്ന മനസ്സിനെ പഴയ ഊർജസ്വലതയിലേക്ക് തിരിച്ചു കൊണ്ട് വരാൻ ആത്മാവും മസ്തിഷ്കവും തീരുമാനിച്ചു. മനസ്സിന്റെ ഒരു തുറന്നു പറച്ചിലിനായി അവർ കാതോർത്തു.
മനസ്സ് പറഞ്ഞു തുടങ്ങി- ആദ്യമൊക്കെ തനിച്ചായി തുടങ്ങിയപ്പോൾ അത് ഏറെക്കുറെ ഞാൻ ആസ്വദിച്ചിരുന്നു. കാരണം, അങ്ങിനെ തനിച്ചിരിക്കുമ്പോൾ എന്നിൽ സർഗാത്മകതയുടെ വസന്തങ്ങൾ പെയ്തിറങ്ങുന്നത് പോലെ തോന്നും .. . മഴവില്ലുകൾ തെളിഞ്ഞു മായും ... മറ്റാരും അറിയാതെ.....മറ്റാരെയും അറിയിക്കാതെ… എന്നാൽ, പതിയെ പതിയെ നിഴലിച്ച മൗനങ്ങൾ നിറഞ്ഞ എന്നിൽ വാക്കുകൾ അതിഥികൾ ആയി തുടങ്ങി.പിഴുതെറിയാൻ പറ്റാത്ത ഒരു ലഹരിയായി ഏകാന്തത എന്നിൽ അലിഞ്ഞു ചേർന്നു. എന്റെ ലോകം എന്നിലേക്ക് മാത്രം ചുരുങ്ങിക്കൊണ്ടിരുന്നു.എന്റെ തൂവലുകൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു. പിന്നെ മറ്റൊന്നും ചെയ്യാനാകാത്ത ഞാൻ എന്നോ വിസ്മൃതിയിൽ പൊതിഞ്ഞ നോവിന്റെ കനലുകളെ ഊതി തെളിയിച്ചു എന്നെയും എന്റെ എല്ലാമെല്ലാമായ ആത്മാവിനെയും പൊള്ളിച്ചു കൊണ്ടിരിക്കുന്നു.
ഇത്രയൊക്കെ പറഞ്ഞപ്പോഴേക്കും മനസ്സിന്റെ വിങ്ങിപ്പൊട്ടൽ കടിഞ്ഞാണും തകർത്തു പുറത്തേക്ക് ചാടി.വിരലുകളാൽ തുടയ്ക്കാൻ കഴിയാത്തവണ്ണം മനസ്സിന്റെ മിഴികൾ നിറഞ്ഞൊഴുകി.
ഇത് കണ്ട ആത്മാവിന്റെ മിഴികളിലും ഒരു കണ്ണീർ കണം പൊടിഞ്ഞു.. പക്ഷെ ഒട്ടും പതറാതെ തത്വചിന്തയുടെ ഏടുകൾ മറിച്ച് മനസ്സിനെ നോവിക്കാതെ ഒപ്പം നിർത്തുന്ന ചില ഉപദേശങ്ങൾ കണ്ടെത്തി.
ആത്മാവ് മനസ്സിനോടായി പറഞ്ഞു : ഏകാന്തത നല്ലതാണ്. അത് വിഷാദത്തിലേക്ക് നയിക്കുന്നില്ല എങ്കിൽ മാത്രം. ഒറ്റക്ക് ആയിരിക്കുമ്പോൾ മാത്രമാണ് നിനക്ക് നിന്നിലേക്ക് തിരിഞ്ഞു നോക്കാൻ കഴിയുന്നത്.നിന്റെ ഏറ്റവും നല്ല സുഹൃത്ത് നീ തന്നെ ആണ്. ഒരു പക്ഷെ അത് മനസ്സിലാക്കാൻ ഏകാന്തത നിന്നെ സഹായിച്ചേക്കാം എന്ന് മാത്രം.
ആരും കൂടെ ഇല്ല എന്ന തോന്നലാണ് മനുഷ്യനെ പലതും പുതുതായി പഠിപ്പിക്കുന്നത്. മനുഷ്യന്റെ ഏറ്റവും പുരാതനമായ ദുഃഖം ഏകാന്തത ആണ്.. ദൈവത്തിന് പോലും ഏകാന്തത തോന്നിയപ്പോൾ അല്ലെ മനുഷ്യനെ സൃഷ്ടിച്ചത്? പിന്നെ ആദിമ മനുഷ്യന്റെ ഏകാന്തതക്ക് സമ്മാനം ആയിട്ടല്ലേ അവനൊരു കൂട്ടുകാരിയെ കൊടുത്തത്? അതുകൊണ്ട് മനുഷ്യന്റെ ഏകാന്തത ഒരു പുതിയ വിഷയം അല്ല. പക്ഷെ, ഏകാന്തതക്ക് അപ്പുറം ഒറ്റപ്പെടലിലേക്കും പിന്നെ വിഷാദത്തിലേക്കും എത്തിപ്പെട്ടാൽ അത് ഒരു വല്ലാത്ത ദുരവസ്ഥ തന്നെ ആണ്. അതിനെ തരണം ചെയ്യാനുള്ള വഴികൾ നിന്നിൽത്തന്നെ ഉണ്ട്. അത് നീ കണ്ടെത്തണം.
ഇത്രയും ആയപ്പോഴേക്കും മസ്തിഷ്കം ബുദ്ധിയുടെ ഉന്നത തലത്തിലൂടെ മനസ്സിനെ കാര്യങ്ങൾ കുറച്ചുകൂടെ വ്യക്തമായി മനസ്സിലാക്കിക്കാൻ ശ്രമിച്ചു.
മസ്തിഷ്കം : നിനക്ക് ഒന്നുമില്ല, ആരുമില്ല, ഒന്നിനും പറ്റുന്നില്ല എന്നൊക്കെ പരിതപിക്കുമ്പോൾ നീ ഒരു കാര്യം മറക്കുന്നു.ജീവിതത്തെ അമൃതാക്കി മാറ്റാൻ ദൈവം നിന്നിൽ തന്നെ നിക്ഷേപിച്ചിരിക്കുന്ന അമൂല്യ രത്നങ്ങളെ നീ മറന്നു പോയിരിക്കുന്നു.നീ നിന്നിലേക്ക് തന്നെ നോക്കുക. ഒരു ശാസ്ത്രത്തിനും കണ്ടുപിടിക്കാനാവാത്ത അത്ര ശക്തിയുള്ള ലെൻസ് ആണ് നിന്റെ കണ്ണുകളിൽ. പിന്നെ രാവും പകലും നിനക്ക് വേണ്ടി മാത്രം ഒരു താളപ്പിഴയും ഇല്ലാതെ മിടിച്ചു കൊണ്ടിരിക്കുന്ന നിന്റെ ഹൃദയം.. ലോകത്തിലെ എല്ലാ കമ്പ്യൂട്ടർകളും ചേർത്ത് വെച്ചാലും നിന്റെ തലച്ചോറിനോളം വരില്ല അതൊന്നും.. എന്നിട്ടും എന്നെക്കൊണ്ടൊന്നും പറ്റുന്നില്ല എന്ന് നീ പറഞ്ഞുകൊണ്ടിരിക്കുന്നു. നിന്റെ ചിറകുകളിൽ തൂവലുകൾ ഇനിയും ബാക്കിനിൽക്കുന്നുണ്ട്. കണ്ണുകളിൽ വെളിച്ചവും... പറന്നുയരാൻ അതുമാത്രം മതി. പറന്നുയരേണ്ട വഴികൾ നിന്റെ ഉപബോധ മനസ്സിൽ തന്നെ ഉണ്ട്. നീ അത് കണ്ടെത്തണം.
അപ്പോഴേക്കും, ആത്മാവ് മനസ്സിനെ ശക്തിപ്പെടുത്തുന്ന ഒരു സമവാക്യവുമായി വന്നു.
ആത്മാവ് : തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കാതെ ചെയ്യുന്ന സഹായങ്ങൾ ആണ് ഒറ്റപ്പെടലിൽ നിന്നും പുറത്തു കടക്കാനുള്ള ഒറ്റമൂലി.എങ്ങിനെ എന്നല്ലേ..ചെയ്യാൻ ക്രിയാത്മകമായി ഇഷ്ടമുള്ള ഒരു കാര്യം കണ്ടെത്തുക. ഈ കാര്യം മറ്റൊരാൾക്ക് വേണ്ടി തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്തു കൊടുക്കുക. നിങ്ങൾ അവിടെ ഒരു വ്യക്തി ബന്ധം ഉണ്ടാക്കുന്നു. മറ്റൊരാളെ സഹായിക്കുമ്പോൾ നിങ്ങളുടെ ഉള്ളിൽ അത് വരെ ഇല്ലാത്ത ഒരു സന്തോഷം രൂപപ്പെടും. അതുമതി നിങ്ങളുടെ ഒറ്റപ്പെടൽ മറികടക്കാൻ. വെളിച്ചമാകുക.. നന്മ ചെയ്യുക.. നിങ്ങളെ ആളുകൾ തേടി വരും. നിങ്ങളുടെ ഒറ്റപ്പെടൽ മാറും. ഏകാന്തത നിന്റെ മാത്രം ഒരു തോന്നൽ ആയിരുന്നു എന്ന് നീ പിന്നീട് തിരിച്ചറിയും.
ആത്മാവിന്റെയും ബുദ്ധിയുടെയും ഉപദേശങ്ങൾ പെട്ടെന്നൊന്നും ഉൾക്കൊള്ളാൻ മനസ്സിനായില്ല. ഒരു പക്ഷെ ബുദ്ധിയുടെ നയതന്ത്രങ്ങളിൽ മനസ്സ് ഒരു നല്ല മാറ്റത്തിന് തയ്യാറായേക്കാം എന്ന് നമുക്ക് പ്രതീക്ഷിക്കാം.
അവൾ കുറിച്ചിട്ട വരികൾ ഒന്ന് കൂടെ മാറ്റി എഴുതി.
“ശരിയായ ചിന്തകളാണ് കരുത്തുറ്റ മനസ്സിനുള്ള തുടക്കം. ഈ ചിന്തകളാണ് മനസ്സിന് ശരിയായ ദിശയിൽ പൊങ്ങിപ്പറക്കാനുള്ള തൂവലുകൾ നൽകുന്നത്.മനുഷ്യ മനസ്സ് അതിരുകൾ ഇല്ലാത്തത്ര ശക്തമാണ്. .! “