Seena Joseph shares a short story - A conversation between 2 people on a walking trail providing brief moments of normalcy, during the height of the pandemic. It is a subtle reminder of the importance of social interactions in our daily lives.
വൈറസ് തോൽപ്പിച്ചൊരു മൂലയ്ക്കിരുത്തിയ പോലെയായിട്ടുണ്ടിപ്പോൾ ജീവിതം. എത്ര മാസങ്ങളായി ഇങ്ങനെ. ഒരേ റൂഫിന്റെ കീഴിൽ ഭർത്താവും മക്കളും ഇരുപത്തിനാലു മണിക്കൂറും, ഡേ ഇൻ ആൻഡ് ഡേ ഔട്ട് !
വീട്ടിൽ തന്നെയിരുന്നുള്ള ജോലി. തുടരെയുള്ള മീറ്റിങ്ങുകൾ, ഡെഡ്ലൈൻസ്, അതിനിടയിൽ വീട്ടിലെ ഭക്ഷണകാര്യങ്ങൾ, മക്കളുടെ കലഹങ്ങൾ, വാശികൾ, സ്കൂൾ കാര്യങ്ങൾ, ക്ലീനിങ് ലേഡീസ് വരാത്തതിനാൽ വീട് ക്ലീനിങ്, ഒന്നും പറയണ്ട...
ആകെയുള്ള ഒരാശ്വാസം വൈകുന്നേരത്തെ ഈ തനിച്ചു നടപ്പാണ്. ഇളം തണുപ്പുള്ള കാറ്റിൽ പല നിറങ്ങളിലുള്ള ഇലകളുടെ ഇളകിയാട്ടം. അരയന്നങ്ങളും കാട്ടുതാറാവുകളും ധ്യാനനിരതമാകുന്ന കൊച്ചു തടാകം. ചന്ദനനിറമുള്ള സന്ധ്യ. ഇവിടുത്തെ നടപ്പ് തീർച്ചയായും ഒരു തെറാപ്പിയുടെ ഫലം ചെയ്യുന്നുണ്ട്.
"ഹലോ സാറ"! പെട്ടെന്നാരോ പേര് വിളിച്ചപ്പോൾ ഒരു നിമിഷം ഞെട്ടി. ഓരോ കാര്യങ്ങൾ ആലോചിച്ചു നടന്നപ്പോൾ എതിരെ വന്നയാളെ കണ്ടില്ല.
"ഹായ് ജോൺ! ഹൌ ആർ യു? എത്ര നാൾ ആയി കണ്ടിട്ട്?"
ജോണിനെ ഈ വാക്കിങ് ട്രെയിലിൽ ഇതുവരെ കണ്ടിട്ടില്ല. ഓ! പെട്ടന്നാണ് ഓർത്തത്. ജോണിന് ചെവി കേൾക്കില്ല. എന്നാൽ സംസാരിക്കും. ചുണ്ടുകളുടെ മൂവ്മെന്റ് നോക്കിയാണ് ജോൺ കാര്യങ്ങൾ മനസിലാക്കിയിരുന്നത്. നന്നായി ലിപ് റീഡിങ് ചെയ്യാൻ കഴിയുന്നതു കൊണ്ടുതന്നെ ഹിയറിങ് എയിഡ്സ് അയാൾ ഒരിക്കലും ശീലിച്ചിരുന്നില്ല. ഇപ്പോൾ മാസ്ക് ഒക്കെയായി, ഞാൻ പറഞ്ഞത് എന്താണെന്ന് ജോണിന് മനസ്സിലായിട്ടില്ല. എന്റെ കണ്ണിലെ അങ്കലാപ്പ് കണ്ടിട്ടാവണം അയാൾ പൊട്ടിച്ചിരിച്ചു.
ഓഫീസിന്റെ എതിരെയുള്ള 'ലഞ്ച് നൂക്കി'ൽ ആണ് ജോണിന് ജോലി. ലഞ്ച് വാങ്ങാൻ ചെല്ലുമ്പോഴൊക്കെ മുഖം നിറയുന്ന ചിരിയോടെയല്ലാതെ അയാളെ ഒരിക്കൽ പോലും കണ്ടിട്ടില്ല. ഇപ്പോൾ കോറോണയും മാസ്കും ആ ചിരി മറച്ചു കളഞ്ഞിരിക്കുന്നു. എങ്ങനെ സംസാരിക്കും ജോണിനോട്? എനിക്കാണെങ്കിൽ സൈൻ ലാംഗ്വേജ് തീരെ വശവുമില്ല.
തിരക്കിട്ട് ബാഗിൽ തപ്പി. അത്യാവശ്യത്തിനു നോക്കിയാൽ ഒരു തുണ്ട് കടലാസ് പോലും കാണില്ല. അതാണാവസ്ഥ. ഭാഗ്യത്തിന് ഗ്രോസറി ലിസ്റ്റ് എഴുതിയ പേപ്പർ കിട്ടി.
"ഹൗ ആർ യു ഡൂയിങ്?" പേപ്പറിൽ എഴുതി ചോദിച്ചു.
അങ്ങനെ ചോദിക്കാൻ ഒരു കാരണമുണ്ട്. ലോക്ഡൗണിനു തൊട്ടു മുൻപൊരു ദിവസം ലഞ്ച് വാങ്ങാൻ ചെന്നപ്പോൾ പതിവുപോലെ ജോണിനെ അവിടെ കണ്ടില്ല. അയാളുടെ കൂടെ ജോലി ചെയ്യുന്ന ലോറയാണ് പറഞ്ഞത്, ജോൺ കുറച്ചു ദിവസം ലീവെടുത്തിരിക്കുകയാണ്, അവന്റെ ഹൈസ്കൂൾ സ്വീറ്റ് ഹാർട്ട് കൂടിയായ ഭാര്യയുമായി ചില റിലേഷൻഷിപ് പ്രശ്നങ്ങൾ എന്നൊക്കെ.
വിശ്വസിക്കാൻ പ്രയാസം തോന്നി. റിലേഷൻഷിപ് പ്രശ്നങ്ങളോ? 'ലഞ്ച് നൂക്കി'ൽ വച്ചും മറ്റു പലയിടത്തു വച്ചും അവരെ രണ്ടു പേരെയും ഒരുമിച്ചു കണ്ടിട്ടുള്ളപ്പോഴൊക്കെ, എത്ര മനോഹരമായ ഒരു ബന്ധമാണ് ജോണും ഭാര്യയും തമ്മിലെന്ന് അത്ഭുതം കൂറിയിട്ടുള്ളതാണ്! ഗോൾഡൻ തലമുടിയും പച്ചക്കണ്ണുകളുമുള്ള ഒരു സുന്ദരിയായിരുന്നു ഹോളി. ജോൺ തികഞ്ഞ അഭിമാനത്തോടെയും സ്നേഹത്തോടെയുമാണ് എപ്പോഴും ഹോളിയെക്കുറിച്ച് സംസാരിച്ചിട്ടുള്ളത്. കുട്ടികളില്ലെങ്കിലെന്താ, ഞങ്ങൾ പരസ്പരം കുഞ്ഞുങ്ങളാണല്ലോ എന്നൊക്ക പറയുമായിരുന്നു. എന്നിട്ടിപ്പോൾ...?
അതിനു ശേഷം പിന്നെ ഇപ്പോഴാണ് ജോണിനെ കാണുന്നത്. മറുപടിയില്ലാതെ ഒരു നിമിഷം നിന്നു അയാൾ. അയാളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ തീർച്ചയായും ആ മാസ്കിനു പിന്നിൽ ഒരു ചിരിയില്ല എന്നെനിക്ക് ബോധ്യമായി.
വീണ്ടും എഴുതി, "ആർ യു ഓക്കേ?"
"ഷീ ലെഫ്റ്റ് മി...എനിക്കാരുമില്ല, ഒന്നുമില്ല...!" ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ജോൺ പെട്ടെന്ന് പൊട്ടിക്കരഞ്ഞു. അങ്ങനെയൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ചെയ്യണം, ഒരു നിമിഷം തരിച്ചു നിന്നു. മറ്റു സായാഹ്ന സവാരിക്കാർ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങുന്നു.
ഈ മനുഷ്യനെ ഇങ്ങനെ ഇവിടെ വിട്ടിട്ട് പോകാൻ പറ്റില്ല. ജോണിന്റെ കൈ പിടിച്ച് കുറച്ച് അപ്പുറത്തുള്ള പാർക്ക് ബെഞ്ചിനടുത്തേക്കു നടന്നു.
എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നോർത്തപ്പോഴേക്കും ചിറ പൊട്ടിയൊഴുകുന്നത് പോലെ ജോൺ സംസാരിച്ചു തുടങ്ങി. പിരിയുന്നതിന് ഹോളി നിരത്തിയ കാര്യകാരണങ്ങൾ, അവയൊന്നും പരിഹാരമില്ലാത്ത പ്രശ്നങ്ങളായി തനിക്ക് തോന്നാത്തതിനെക്കുറിച്ച് , ലോക്ക്ഡൗൺ കാരണം 'ലഞ്ച് നൂക്ക്' അടച്ചുപൂട്ടിയപ്പോൾ ജോലി ഇല്ലാതായതിനെക്കുറിച്ച്, കൂടെ ജോലി ചെയ്തവരും കൂട്ടുകാരുമൊക്കെ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ സ്വന്തം സങ്കടങ്ങൾ ആരോടും പറയാനാകാത്തതിനെക്കുറിച്ച്, ലിപ് റീഡിങ് നടക്കാത്തതിനാൽ ആരോടും സംവദിക്കാൻ കഴിയാത്തതിനെക്കുറിച്ച്, അങ്ങനെ പലതിനെ കുറിച്ചും.
"സാറാ, നിനക്ക് മനസ്സിലാകുമോ? മുൻപൊക്കെ ഞാൻ ലിപ്സ് നോക്കിയാണ് ശബ്ദങ്ങൾക്ക് രൂപം കൊടുത്തിരുന്നത്. ഇപ്പോൾ കണ്ണുകളിൽ നോക്കി വേണം അത് ചെയ്യാൻ. എല്ലാ കണ്ണുകളിലും ഞാനിപ്പോൾ ഒരേ ഭാവമാണ് കാണുന്നത്. വിഷാദവും ആശങ്കയുമൊക്കെ കൂടിക്കുഴഞ്ഞ ഒന്ന്. അതിൽനിന്ന് ശബ്ദങ്ങൾ വേർതിരിച്ചെടുക്കാൻ എനിക്ക് കഴിയുന്നില്ല. പുറത്തിറങ്ങാൻ പോലും തോന്നാറില്ല. ജീവിതം അത്രയധികം മടുത്തിരിക്കുന്നു"
ജോൺ സങ്കടങ്ങൾ പറഞ്ഞു തീരും വരെ, വെറുതെ കേട്ടിരുന്നു. അല്ലാതെന്തു ചെയ്യാനാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ മനുഷ്യൻ എത്രമാത്രം മാറിപ്പോയിരിക്കുന്നു. ആ ഊർജ്ജസ്വലതയും സന്തോഷവുമൊക്കെ എത്ര പെട്ടന്നാണ് ഇല്ലാതായത്!
സന്ധ്യക്കുമേലെ ഇരുട്ട് പരക്കാൻ തുടങ്ങുന്നത് കണ്ടപ്പോൾ ജോൺ പറഞ്ഞു, " ഓ സാറാ, ഇറ്റ്സ് ഗെറ്റിങ് ലേറ്റ്, യു ഷുഡ് ഗോ. ഇത്രനേരം എന്നെ കേട്ടിരുന്നതിനു നന്ദി." ശരിയാണ്, സമയം പോയതറിഞ്ഞില്ല. "ഓ...നോ! താങ്ക്സ് ഒന്നും പറയാതെ ജോൺ. അതിനു വേണ്ടിയല്ലേ ഫ്രണ്ട്സ് ?"
നെടുവീർപ്പുകൾ തട്ടിക്കുടഞ്ഞു കളഞ്ഞ് ഞാനെഴുന്നേറ്റു. ജോണിന്റെ ഫോൺ നമ്പർ ചോദിച്ചു വാങ്ങി. സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റിന്റെ നമ്പർ അവളോട് ചോദിച്ച ശേഷം അയാൾക്ക് കൊടുത്തു. അവളെ വിളിക്കാൻ മടി കാണിക്കരുതെന്നും കൗൺസിലിങ്ങിന് പോകണമെന്നും നിർബന്ധപൂർവ്വം പറഞ്ഞു. ഇനിയും ഈ വാക്കിങ് ട്രെയിലിൽ ഇടയ്ക്കൊക്കെ കാണണമെന്ന വാക്കിൽ പിരിയുമ്പോൾ മാസ്കിനു മേലെ ജോണിന്റെ കണ്ണുകളിൽ പുഞ്ചിരിയുടെ ചെറിയ തിളക്കം. മറ്റുള്ളവരുടെ കണ്ണുകളിലെ ഭാവമാറ്റങ്ങളെ വാക്കുകളും ശബ്ദങ്ങളുമാക്കി മാറ്റാൻ എത്രയും പെട്ടെന്ന് ജോണിന് കഴിയട്ടെ എന്ന് മനസ്സിലോർത്തു.
പോക്കറ്റിൽ നിന്ന് സാനിറ്റൈസറിന്റെ ചെറിയ ബോട്ടിലെടുത്ത് കയ്യിലൊഴിച്ച്, എനിക്കും തന്ന് ജോൺ പറഞ്ഞു, "സ്റ്റേ സേഫ് ആൻഡ് ഹെൽത്തി സാറാ."
പാവം മനുഷ്യൻ. വല്ലാത്ത സങ്കടം തോന്നി. ഓരോ മനുഷ്യർക്ക് ഓരോ സങ്കടങ്ങൾ.
ദിവസം മുഴുവൻ ഒച്ചയും അനക്കവുമായി കൂടെയുള്ള കുടുംബത്തിൽ നിന്നകന്ന്, അല്പനേരമെങ്കിലും തനിച്ചായിരിക്കാൻ ആഗ്രഹിക്കുന്ന ഞാൻ. കുറച്ചു നേരത്തേക്കെങ്കിലും മനുഷ്യസാമീപ്യം തേടുന്ന, കേൾക്കാത്ത ശബ്ദങ്ങളിൽ തപ്പിത്തടയുന്ന ജോൺ! ജീവിതം തീർച്ചയായും വിചിത്രം തന്നെ.
ആലോചനകളിൽ അലഞ്ഞ് വീടെത്തിയപ്പോഴേക്കും ശരിക്കും ഇരുട്ട് വീണിരുന്നു. പതിവ് നടത്തം പതിവിലേറെ നീണ്ടതിലുള്ള പരാതികൾ നിരത്തി നിൽക്കുകയാണ് ഭർത്താവും മക്കളും. എന്നത്തേയും പോലെ എനിക്കതിൽ നീരസമൊട്ടും തോന്നിയില്ല. എന്റെ മുഖത്തെ തെളിച്ചം കണ്ടിട്ടാവണം, അവരുടെ കണ്ണുകളിൽ ചോദ്യചിഹ്നങ്ങൾ കുലയ്ക്കുന്നത് നോക്കാതെ തന്നെ എനിക്ക് കാണാമായിരുന്നു....