ബിജു തൂമ്പിൽ
അമ്മയ്ക്ക് പകരമായി അമ്മ മാത്രം. ജ്വലിക്കുന്ന സൂര്യപ്രകാശം പോലെ എന്നും എപ്പോഴും ഒരു വഴികാട്ടിയാണ് അമ്മ. അമ്മയുടെ ഊഷ്മളമായ സ്നേഹം അനുഭവിക്കുന്നതു പോലെ സ്വർഗ്ഗീയമായ മറ്റൊരു കാര്യം ഉണ്ടോ എന്ന് സംശയമാണ്. സ്നേഹത്തിൻറെ നിറകുടമായ അമ്മയെ ഓർക്കുവാൻ ഒരു പ്രത്യേക ദിനം ആവശ്യമില്ല. എങ്കിലും കാലത്തിൻറെ കുതിച്ചുപായലിൽ മാതൃദിനത്തിൻ ചില ചരിത്ര സത്യങ്ങൾ പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു.
"ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എൻറെ അമ്മയാണ്.
അമ്മ പഠിപ്പിച്ച പാഠങ്ങൾ ആണ് എൻറെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും ആധാരം"
ജോർജ് വാഷിംഗ്ടൺ
വ്യത്യസ്തമായ തീയതികളിലായി ലോകത്തിലെ മിക്ക രാജ്യങ്ങളും മാതൃദിനം ആഘോഷിക്കുന്നുണ്ട്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആണ് അന്താരാഷ്ട്ര മാതൃദിനമായി ഇന്ത്യയിൽ ആഘോഷിക്കുന്നത്. അമ്മമാരുടെ നിരുപാധിക സ്നേഹത്തിനും ത്യാഗത്തിനും നന്ദി പറയുവാൻ മാറ്റിവെച്ചിരിക്കുന്ന ദിനമാണിത്. കൂടെ അവരുടെ അശ്രാന്തപരിശ്രമങൾക്കും സംഭാവനകൾക്കുമുള്ള കടപ്പാടും.
അമേരിക്കയിൽ നിന്നാണ് മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കുവാൻ ആരംഭിച്ചത്. മാതാവിൻറെ വണക്കമാസം ആയ മെയ് മാസത്തിൽ തന്നെ ഈ ദിവസം ആയത് തികച്ചും അനുയോജ്യം.
യുദ്ധത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ പ്രതിഷേധ ദിനമായിട്ടാണ് മാതൃദിനം കൊണ്ടാടാൻ തുടങ്ങിയത്. യുദ്ധം ഇല്ലാതാക്കുക ആയിരുന്നു ലക്ഷ്യം. പിന്നീട് മറ്റ് പല രാജ്യങ്ങളും ഇത് ഏറ്റെടുത്തു.
ഇന്നത്തെ രീതിയിൽ മാതൃദിനം അറിയപ്പെട്ടു തുടങ്ങിയത് 1908-കളിൽ ആണ്. അന്ന ജാർവിസ് എന്ന സാമൂഹികപ്രവർത്തക തൻറെ അമ്മയുടെ പേരിൽ ഒരു അനുസ്മരണം നടത്തി ഇതിനു തുടക്കമിട്ടു. അന്താരാഷ്ട്ര മാതൃദിന പള്ളി എന്നറിയപ്പെടുന്ന വെർജീനിയയുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഗ്രാഫ്റ്റനിലെ സെൻറ് ആൻഡ്രൂസ് മെതഡിസ്റ്റ് പള്ളിയിലാണ് ഈ അനുസ്മരണം നടത്തിയത്. 1912 ആയപ്പോഴേക്കും പല പള്ളികളും പട്ടണങ്ങളും മാതൃദിനം ഒരു വാർഷിക അവധി ദിനം ആക്കി സ്വീകരിച്ചു. മദർ ഡേ ഇൻറർനാഷണൽ എന്ന അസോസിയേഷൻ സ്ഥാപിച്ചത് ജാർവിസ് ആണ്.
1914ൽ പ്രസിഡൻറ് വുഡ്രോ വിൽസൺ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പുരാതന ഗ്രീക്കുകാരിൽനിന്നും റോമാക്കാരിൽനിന്നുമാണ് അമ്മമാരുടെയും മാതൃത്വത്തിന്റെയും ആഘോഷങ്ങൾ തുടങ്ങുന്നത്. മാതൃ ദേവതകളായ റിയയേയും സൈബലിനേയും ബഹുമാനിക്കുന്നതിനായി പുരാതനകാലങ്ങളിൽ അവർ ഉത്സവങ്ങൾ സംഘടിപ്പിച്ചിരുന്നു. മാതൃ ദിനത്തിൻറെ ആധുനിക മാതൃക മദറിങ് സൺഡേ എന്നറിയപ്പെടുന്ന ആദ്യകാല ക്രിസ്ത്യൻ ഉത്സവമാണ്. യുകെയിലേയും യൂറോപ്പിലെ ചില ഭാഗങ്ങളിലും ഒരു പ്രധാന ആഘോഷമായിരുന്നു ഇത്. നോമ്പ് കാലത്തിൻറെ നാലാം ഞായറാഴ്ച പള്ളികളിൽ ആയിരുന്നു ഈ ആഘോഷം സംഘടിപ്പിച്ചിരുന്നത്. കാലക്രമേണ 1930-1940 കാലഘട്ടത്തോടെ അമേരിക്കൻ മാതൃദിന വുമായി ഈ ആഘോഷം ലയിച്ചു.
ക്രൈസ്തവർ കൂടുതൽ അധിവസിക്കുന്ന ചില രാജ്യങ്ങൾ പരിശുദ്ധ മാതാവിൻറെ ദിനമായി ഈ ദിവസം ആഘോഷിക്കുന്നു. സ്ത്രീകൾ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമായി Bolivia ഈ ദിവസം ആചരിക്കുന്നു. മിക്ക അറബ് രാഷ്ട്രങ്ങളും മാതൃദിനം ആചരിക്കുന്നത് മാർച്ച് 21-നാണ്. ഡിസംബർ 22 നാണു ഇന്തോനേഷ്യയിൽ മാതൃദിനം ആഘോഷിക്കുന്നത്.
അതേസമയം യുകെയിലും അയർലണ്ടിലും മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ഗ്രീസിൽ കിഴക്കൻ ഓർത്തഡോക്സ് വിശ്വാസികൾക്ക് കൂടുതൽ വിശ്വാസപരമായ ഒന്നാണ് മാതൃദിനം. ജൂലിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി രണ്ടിന് ക്രിസ്തുവിനെ പള്ളിയിൽ പ്രദർശിപ്പിച്ചാണ് ഇവിടെ ആഘോഷങ്ങൾ നടക്കുന്നത്.
മുലപ്പാലിലൂടെ പകർന്നുതന്ന സ്നേഹത്തിൻറെ, ശാസനയിലൂടെ പകർന്നു തന്ന തിരുത്തലിൻറെ, ചേർത്തുപിടിക്കലിലൂടെ പകർന്നുതന്ന അതിജീവനത്തിൻറെ, ഓർമ്മപ്പെടുത്തലാണ് ഓരോ മാതൃദിനവും. മാതൃദിനത്തിൽ മാത്രമല്ല ഏതു ദിവസം ആയാലും അമ്മയോടുള്ള സ്നേഹവും കരുണയും അതേനിലയിൽ പങ്കുവയ്ക്കുവാൻ നമുക്ക് സാധിക്കണം. അതിന് ഒരു പ്രത്യേക ദിനത്തിൻറെ ആവശ്യമില്ല.
എല്ലാ ദിവസവും മാതൃദിനം ആയിരിക്കട്ടെ....
എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ...
"ഞാൻ എൻറെ അമ്മയുടെ പ്രാർത്ഥനകളെ കുറിച്ച് ഓർക്കാറുണ്ട്.
അത് എപ്പോഴും എൻറെ കൂടെ തന്നെയുണ്ട്.
എൻറെ ജീവിതത്തോട് ചേർന്നു തന്നെ."
എബ്രഹാം ലിങ്കൺ