Biju Thoompil
ഖത്തർ ഡ്യൂട്ടി ഫ്രീ ഷോപ്പും പിന്നെ Total Wines ഉം എന്റെ മനസ്സിലൂടെ ഒരു മിന്നായം പോലെ കടന്നുപോയി.
വീണ്ടും ഞാൻ ചോദിച്ചു .... "എന്താണ് സാർ?"
ആ ഉദ്യോഗസ്ഥൻ എന്നോട് ചോദിച്ചു. "താങ്കൾ എവിടെ നിന്നും വരുന്നു?". "അമേരിക്കയിൽനിന്നും". ഞാൻ മറുപടി പറഞ്ഞു. "COVID Test (RT-PCR) ചെയ്തിട്ടേ വെളിയിൽ പോകാവൂ".
"ശരി സാർ".
ഹാവൂ... ആശ്വാസമായി...
ആ ഉദ്യോഗസ്ഥന്റെ നിർദ്ദേശം ശിരസാവഹിച്ച് തൊട്ടടുത്ത് തന്നെയുള്ള Testing centerൽ ഞാൻ എത്തി. ലാബിലെ ക്രമീകരണങ്ങൾ മികവുറ്റതായിരുന്നു. 5 മിനിറ്റ് കൊണ്ട് PCR Test പൂർത്തിയാക്കി. COVID Test +ve ആണെങ്കിൽ 24 മണിക്കൂറിനുള്ളിൽ അവർ വിളിച്ച് അറിയിക്കുമെന്ന് പറഞ്ഞു. നാട്ടിലെ contact number കൊടുത്തു.
"Pfizer vaccine എൻറെ ഉള്ളിൽ ഒന്നു നുരഞ്ഞു പൊങ്ങി...! പിന്നെ ഒന്ന് കുത്തിമറിഞ്ഞു".
"PCR Test ?" Who cares എന്ന അഹങ്കാരത്തോടെ.
എങ്കിലും സർക്കാർ നിബന്ധന പാലിച്ച് COVID Test പൂർത്തിയാക്കി ഞാൻ വെളിയിൽ എത്തി.
പൊതുവേ ജനനിബിഡമായ കൊച്ചി വിമാനത്താവളത്തിന്റെ ആഗമന ടെർമിനൽ ശൂന്യമായിരുന്നു.
തിക്കിലും തിരക്കിലും പെട്ട് ആയിരുന്നു സാധാരണഗതിയിൽ ഞാൻ ടെർമിനലിനു വെളിയിൽ എത്തിയിരുന്നത്. പക്ഷേ ഒരു കുഞ്ഞൻ വൈറസിന്റെ മുന്നിൽ ടെർമിനൽ, തൻറെ പ്രൗഢി അടിയറവ് വെച്ചോ എന്ന സംശയം എന്നിൽ ബാക്കിയായി.
ന്യൂ ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥയിൽ, കഴിഞ്ഞ 20 വർഷമായി ജീവിച്ച എനിക്ക് നാട്ടിലെ ചൂട് അത്രയ്ക്കങ് സുഖിച്ചില്ല. ശീതീകരിച്ച വീട്ടിലും, ശീതീകരിച്ച ജോലിസ്ഥലത്തും സ്വപ്നങ്ങൾ നെയ്തുകൂട്ടിയ എനിക്ക് കേരളത്തിലെ കാലാവസ്ഥ അരോചകമായി തീർന്നു.
Airport Taxi അന്വേഷിച്ചു നടന്ന എനിക്ക് അവിടിവിടെയായി കുറച്ച് ആൾക്കാരെ കാണുവാൻ സാധിച്ചു. പലരും മുഖാവരണം ധരിച്ചിട്ടുണ്ട്. ചിലർ താടിക്ക് സംരക്ഷണം നൽകുവാനും, മറ്റുചിലർ നെറ്റിക്ക് സംരക്ഷണം നൽകുവാനും ആയിരുന്നു മുഖാവരണം ധരിച്ചിരുന്നത്. Airport Taxi ബുക്കിംഗ് കൗണ്ടറിൽ ഞാൻ എത്തി. ഒരു ഇന്നോവയിൽ കോട്ടയത്തുള്ള എൻറെ വീട്ടിൽ എത്തുവാൻ 3200 രൂപ ആകും എന്ന് അവർ അറിയിച്ചു. എനിക്ക് സമ്മതം...!
ഇനി കോട്ടയത്തേക്ക്...!
പോകുന്ന വഴിക്ക് കാലടിയിൽ നിന്നും തട്ട് ദോശയും പിന്നെ ഒരു ചായയും. ഡ്രൈവർ രാജേഷ് ഒരു മിതഭാഷയായിരുന്നു. എൻറെ ഹൃദയവിശാലത രാജേഷിന് നൽകിയ ചായ ഓഫർ അദ്ദേഹം സ്നേഹ പുരസരം നിരാകരിച്ചു.
വീണ്ടും യാത്ര തുടർന്നു.
പോകുന്നവഴിക്കെല്ലാം നാടിന്റെ പച്ചപ്പും പിന്നെയാ മരതക സൗന്ദര്യവും ഞാൻ ആസ്വദിക്കുകയായിരുന്നു. ചില കവലകളിൽ ആൾക്കൂട്ടങ്ങൾ കാണുവാൻ സാധിച്ചു. മുഖാവരണം ധരിക്കാത്തവർ ആയിരുന്നു അതിൽ ഏറെയും.
രണ്ടു മണിക്കൂർ കൊണ്ട് രാജേഷ് എന്നെ വീട്ടിൽ എത്തിച്ചു. പെട്ടികൾ എല്ലാം ഇറക്കിവെച്ച് നന്ദി പറഞ്ഞ് രാജേഷിനെ ഞാൻ തിരികെ യാത്രയാക്കി.
സമയം രാവിലെ ആറുമണി.
ഈസ്റ്റർ ഞായർ.
നേരത്തെ വിളിച്ചു പറയാതെ വീട്ടിലെത്തിയത് കൊണ്ട് വീട്ടുകാർക്ക് എൻറെ വരവ് ഒരു സർപ്രൈസ് ആയിരുന്നു. കുറച്ചുസമയം വീട്ടുകാരുമായി കുശലാന്വേഷണം. അതിനുശേഷം നാട്ടിലെ തണുത്തവെള്ളത്തിൽ വിശാലമായ ഒരു കുളി.
കുളികഴിഞ്ഞ് വന്ന ഞാൻ ഊട്ടുപുര ലക്ഷ്യമാക്കി നീങ്ങി. എന്തെങ്കിലും കാര്യമായി അകത്താക്കണം. ഊട്ടുപുരയിൽ എത്തിയ എൻറെ മനസ്സ് നിറഞ്ഞു. ചക്കക്കുരു കൊണ്ടും വാഴച്ചുണ്ടുകൾ കൊണ്ടും സമ്പൽസമൃദ്ധമായ അടുക്കള. സിന്ധു നദീതടസംസ്കാരം നിറഞ്ഞ്, നൈറ്റി ധരിച്ച ഒരു സ്ത്രീയെ ഞാൻ കണ്ടു.
അത് എൻറെ സഹോദരിയായിരുന്നു.
ISROയിൽ നിന്നും പുറപ്പെടാൻ തയ്യാറാക്കുന്ന റോക്കറ്റിനെ അനുസ്മരിപ്പിക്കുന്ന എന്തോ ഒന്ന് അടുക്കളയിൽ തയ്യാറാക്കുന്നത് ഞാൻ കണ്ടു. പ്രഭാത ഭക്ഷണത്തിനുള്ള പുട്ട് തയ്യാറാകുന്നു എന്ന് ഞാൻ മനസ്സിലാക്കി. തൊട്ടടുത്ത് തന്നെ ഒരു പാത്രത്തിൽ മുരിങ്ങയില കൊണ്ട് എന്തൊക്കെയോ വിഭവങ്ങൾ തയ്യാറാക്കുന്ന മറ്റൊരാളേയും ഞാൻ കണ്ടു. കൊറോണ ഫെസ്റ്റിവെൽ കാരണം ബ്യൂട്ടി പാർലറിൽ പോകാൻ പറ്റാതിരുന്ന ആൾ, എന്റെ സഹോദരിയുടെ മകൾ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അവളുടെ ശബ്ദത്തിലൂടെ ആയിരുന്നു.
മെസപ്പൊട്ടോമിയൻ സംസ്കാരം വിളിച്ചോതുന്ന എൻറെ വീടിൻറെ തൊടിയിലേക്ക് ഞാൻ കണ്ണോടിച്ചു. കൊറോണക്കാലത്തെ ജീവിതം ധന്യമാക്കിയ പ്ലാവും, മാവും, തെങ്ങും ഒക്കെ ശുഷ്കിച്ചിരിക്കുന്നു. ധാരാളം ചക്കയും, മാങ്ങയും, തേങ്ങയും ഒക്കെ നൽകി കൊറോണക്കാലം അതിജീവനം ആക്കിയ മരങ്ങൾ...!
ഞാൻ വന്നത് പ്രമാണിച്ച് തയ്യാറാക്കിയ പുട്ടും കടലക്കറിയും കഴിച്ചു. എല്ലാവരും ഈസ്റ്റർ കുർബാനയ്ക്ക് പോകാൻ തയ്യാറെടുക്കുന്നു. പത്തുമണിക്കാണ് കുർബാന. എങ്കിൽ പിന്നെ കുർബാനയ്ക്ക് പോകാം എന്ന് കരുതി ഞാനും അണിഞ്ഞൊരുങ്ങി പള്ളിയിൽ പോകാനായി വെളിയിലിറങ്ങി.
"ഡാ.. നിക്കടാ അവിടെ" എന്ന അലർച്ച കേട്ട് ഞാൻ ഞെട്ടി പുറകോട്ട് തിരിഞ്ഞു നോക്കി.
രൗദ്രഭാവത്തിൽ സർവ്വ മൂർത്തി ഭാവങ്ങളെയും മുഖത്ത് ആവാഹിച്ച് എന്നെ തന്നെ ക്രൂരമായി നോക്കുന്ന എൻറെ സഹോദരി.
"എന്താണ്?" ഞാൻ കാര്യം തിരക്കി.
"നിൻറെ PCR Test Result വന്നില്ലല്ലോ..?"
"ഇല്ല" ഞാൻ മറുപടി പറഞ്ഞു.
"റിസൾട്ട് വന്നിട്ട് വെളിയിൽ ഇറങ്ങിയാൽ മതി".
അപ്പോഴാണ് ഞാൻ ഓർത്തത്, വിദേശത്തുനിന്നും വന്ന് ഞാൻ ഏഴ് ദിവസമെങ്കിലും quarantine നടത്തി കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ വെളിയിലിറങ്ങാവു.
അങ്ങനെ കോവിഡ് എനിക്കും പണി തന്നു.
"മോനേ ദിനേശാ.. ഈസ്റ്റർ കുർബാന എന്ന മോഹം അതിമോഹമാണ്" എന്ന് ചെവിയിൽ ആരോ മന്ത്രിക്കുന്ന പോലെ.
ഏഴുദിവസത്തെ quarantine പരമ ബോറാണെങ്കിലും അധികൃതരുടെയും, വീട്ടുകാരുടെയും നിർദ്ദേശങ്ങൾ പാലിക്കണമല്ലോ..?
ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. രുചികരമായ ഭക്ഷണം കഴിച്ച്, ടിവിയിലെ പ്രോഗ്രാമുകൾ ഒക്കെ കണ്ട് quarantine ദിവസങ്ങൾ തള്ളിനീക്കി. ഒടുവിൽ PCR Test Result ഉം വന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ നെഗറ്റീവ് ആയിരുന്നു ഫലം.
"അല്ലെങ്കിലും Pfizer vaccine എടുത്ത എനിക്ക് എങ്ങനെയാ കൊവിഡ് പോസിറ്റീവ് ആവുക"?!
ഈസ്റ്റർ കുർബാനയ്ക്ക് പോകാൻ കഴിയാതിരുന്ന ഞാൻ പുതുഞായറാഴ്ചയിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചു. പുതു ഞായറാഴ്ച രാവിലെ തന്നെ ഒരുങ്ങി ഇറങ്ങി. പുണ്യാളനേയും, പിന്നെ എന്റെ കുറെ സതീർഥ്യരേയും കാണാം എന്ന ശുഭപ്രതീക്ഷയോടെ! വർഷങ്ങൾക്കുശേഷം ഉള്ള യാത്ര. എന്റെ ഇടവക പള്ളിയിലേക്ക്..!
യാത്രക്കിടയിൽ വീഥിയുടെ ഇരുവശങ്ങളിലേക്കും ഞാൻ കണ്ണുകൾ ഓടിച്ചു. കുമാരൻ ചേട്ടൻറെ മാടക്കടയും, ശിവൻ ചേട്ടൻറെ ചായക്കടയും ഒക്കെ അടഞ്ഞു കിടക്കുന്നു.
COVID effect ആണോ..?
കോളേജ് പഠനകാലത്ത് ബീഡി വലിക്കാൻ എന്നെ പഠിപ്പിച്ച എന്റെ ഗുരുകുലം ആണ് കുമാരൻ ചേട്ടൻറെ മാടക്കട. ഗതകാല സ്മരണകളുടെ ഒരു വലിയ കൂമ്പാരം.
ദേവാലയത്തിന് വെളിയിൽ ഞാൻ എത്തി. ശീതീകരിച്ച കാറിൽ നിന്നും വെളിയിൽ ഇറങ്ങിയപ്പോൾ ഞാനെന്ന അമേരിക്കക്കാരന് ചൂട് എന്ന പ്രതിയോഗിയുടെ കൂരമ്പുകൾ ഏറ്റുവാങ്ങേണ്ടിവന്നു. ദേവാലയത്തിൽ ആകെ ഇരുപതിൽപരം ആളുകൾ മാത്രം. ദിവസേന നൂറിൽപ്പരം ജനങ്ങൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തിരുന്ന പള്ളിയാണ്. ഞായറാഴ്ചകളിൽ അതിൻറെ ഇരട്ടിയിലധികം വരും. ഭക്തിപുരസ്സരം ദേവാലയ ശുശ്രൂഷകളിൽ പങ്കെടുത്തു ഞാൻ വെളിയിൽ എത്തി. സാമൂഹിക അകലം പാലിച്ചവരെയോ, മുഖാവരണം ധരിച്ചവരെയോ അധികം കണ്ടില്ല. പരിചിത മുഖങ്ങൾ വളരെ കുറവായിരുന്നു. ഒന്നു രണ്ട് പേരുമായി കുശലാന്വേഷണം.
പിന്നെ തിരികെ വീട്ടിലേക്ക്.
ചെറുപ്പത്തിൽ സൈക്കിൾ ചവിട്ടി, വിയർത്ത് കുർബാനയ്ക്ക് വന്നിരുന്ന കാലം ഞാനോർത്തു. ആ കാലം ഒക്കെ മാറി പോയി. എല്ലാവരും കാറിൽ ആണ് എത്തുന്നത്.
ദിവസങ്ങൾ ശരവേഗത്തിൽ മുന്നോട്ട്..
അന്ന് ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ എനിക്ക് പോകേണ്ടി വന്നു. ഹോസ്പിറ്റലിൽ എത്തിയ എനിക്ക് ആ കാഴ്ച കണ്ട് സങ്കടം ആണോ, ദേഷ്യം ആണോ, അതോ ദയനീയത ആണോ ഉള്ളിൽ നുരഞ്ഞു പൊങ്ങിയത് എന്ന് അറിയില്ലായിരുന്നു.
തുടരും...